സേവനം ലഭ്യമാക്കുന്നതിനുള്ള പൊതു നിബന്ധനകള്‍
- പൗരാവകാശ രേഖയില്‍ പരാമര്‍ശിച്ചിട്ടുള്ള സേവനം ലഭ്യമാക്കുന്നതിന് അതിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഫോറത്തില്‍ അപേക്ഷ നല്‍കേണ്ടതാണ്.
- അപേക്ഷ നല്‍കുന്നതിന് നിശ്ചയിക്കപ്പെട്ട ഫോറം ഇല്ലാത്തപക്ഷം, അപേക്ഷകന്റെ പൂര്‍ണ്ണമായ മേല്‍വിലാസം, അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങള്‍ എന്നിവ വെള്ളക്കടലാസില്‍ എഴുതി നല്‍കേണ്ടതാണ്.
- അപേക്ഷാഫോറം സൗജന്യമായോ യഥാര്‍ത്ഥവില ഈടാക്കിയോ നല്‍കുന്നതാണ്.
- അപേക്ഷാഫോറം വിതരണം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും കോര്പ്പറേഷന് ഓഫീസിലെ അന്വേഷണ കൗണ്ടറില്‍ ബന്ധപ്പെടേണ്ടതാണ്.
- അന്വേഷണ കൗണ്ടറില്‍ സ്വീകരിക്കുന്ന അപേക്ഷകള്‍ക്ക് ക്രമനമ്പര്‍ നല്‍കുന്നതും, അപേക്ഷകന്റെ പേര്, അപേക്ഷ കിട്ടിയ തിയ്യതി, അപേക്ഷയിലെ ആവശ്യം തുടങ്ങിയ വിവരങ്ങള്‍ അതിനായി സൂക്ഷിക്കുന്ന രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണ്.
- ഓഫീസില്‍ ലഭിക്കുന്ന അപേക്ഷകള്‍ക്ക് കൈപ്പറ്റ് രശീതി നല്‍കുന്നതും അതില്‍ അപേക്ഷ നല്കിയ തീയ്യതി സേവനം ലഭ്യമാക്കുന്നതിന് അപേക്ഷകന് സമീപിക്കേണ്ട ഉദ്യോഗസ്ഥന്റെ പേര് സെക്ഷന്‍ എന്നിവ രേഖപ്പെടുത്തുന്നതുമാണ്.
- ഓഫീസില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ കേരള സ്റ്റാമ്പ്, നിയമ പ്രകാരമുള്ള കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിക്കേണ്ടതാണ്. എന്നാല്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല.
- കോര്പ്പറേഷന് മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എന്നിവര്‍ക്ക് നല്കുന്ന അപേക്ഷകളില്‍ കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല. സേവനം എന്നാല്‍ ഒരു പൗരന്റെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിന് അയാള്‍ക്ക് സൗജന്യമായോ ന്യായമായ ഫീസ് ഈടാക്കിയോ കോര്‍പ്പറേഷനില്‍ നിന്ന് ചെയ്തുകൊടുക്കാവുന്ന ഒരു സഹായം എന്നര്ത്ഥമാക്കുന്നതും അതില്‍ സാമ്പത്തിക സഹായം നല്‍കലും ഏതെങ്കിലും കാര്യത്തിനായി അനുവാദമോ, ലൈസന്‍സോ, സര്‍ട്ടിഫിക്കറ്റോ നല്കലോ ഉള്‍പ്പെടുന്നതുമാകുന്നു.
സേവനം ലഭ്യമാക്കാനുള്ള ബാദ്ധ്യത
- പൗരാവകാശ രേഖയില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു സേവനം, അതാത് സമയപരിധിക്കകം അര്‍ഹനായ അപേക്ഷകന് ലഭ്യമാക്കുവാന്‍ കൗണ്‍സിലും സെക്രട്ടറിയും മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ബാദ്ധ്യസ്ഥരായിരിക്കുന്നതും വീഴ്ച വരുത്തുന്നത് വാഗ്ദത്ത ലംഘനമായി കണക്കാക്കപ്പെടുന്നതുമാണ്.
- ഒരു സേവനം ഉദ്ദേശിക്കപ്പെട്ട സമയപരിധിക്കകം ഒരപേക്ഷകന് ലഭ്യമാക്കാന്‍ ന്യായമായ കാരണങ്ങളാല്‍ സാധിക്കുന്നില്ലെങ്കില്‍ ആ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അപേക്ഷകനെ പ്രസ്തുത സമയപരിധിക്കകം അറിയിക്കേണ്ടതുമാണ്. അതോടൊപ്പം കഴിയുമെങ്കില്‍ പുതുക്കിയ സമയപരിധികൂടി അപേക്ഷകനെ അറിയിക്കേണ്ടതാണ്.
- ഒരു സേവനം ലഭ്യമാക്കുന്നതിന് മുനിസിപ്പാലിറ്റിയുടെ ഒരു ഉദ്യോഗസ്ഥന് വീഴ്ച വരുത്തുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നതായി ഒരപേക്ഷകന് ന്യായമായി തോന്നുന്നപക്ഷം അപേക്ഷകന് കോര്പ്പറേഷന് മേയര്‍ക്ക് പരാതി നല്കാവുന്നതും അപ്രകാരം പരാതി ലഭിച്ചാല്‍ മേയര്‍ അത് നേരിട്ട് പരിശോധിച്ച് തീര്‍പ്പു കല്പിക്കേണ്ടതാണ്.
- പൗരാവകാശരേഖ പ്രകാരം അപേക്ഷകന് അര്‍ഹമായ ഒരു സേവനം ലഭ്യമാക്കുന്നതില്‍ കൗണ്‍സിലോ അല്ലെങ്കില്‍ കൗണ്‍സിലിലെ ഒരംഗമോ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒരുദ്യോഗസ്ഥനോ മനഃപൂര്‍വ്വമായ വീഴ്ചയോ കാലതാമസമോ വരുത്തിയെന്ന് ഒരു പൗരന് ന്യായമായി കരുതുന്നപക്ഷം അയാള്‍ക്ക് ബന്ധപ്പെട്ട കൗണ്‍സില്‍ അല്ലെങ്കില്‍ കൗണ്‍സില്‍ അംഗം അല്ലെങ്കില്‍ ഉദ്യോഗസ്ഥന് എന്നിവര്‍ക്കെതിരെ ഓംബുഡ്സ്മാന് മുമ്പാകെ പരാതി നല്‍കാവുന്നതാണ്. എന്നാല്‍ ഉദ്യോഗസ്ഥരുടെ തസ്തികകളിലെ ഒഴിവ്, ദീര്‍ഘകാല അവധി, ഔദ്യോഗിക യാത്രകള്‍ മറ്റ് അടിയന്തിര പ്രാധാന്യമുള്ള ജോലികള്‍ ഉദ്യോഗസ്ഥരുടെ അവധി എന്നിവ മൂലം സമയ നിബന്ധനകളില്‍ വ്യതിയാനം ഉണ്ടാകുന്നതാണ്.
- ക്ഷേമ പെന്‍ഷനുകളും മറ്റു സാമ്പത്തിക ആനുകൂല്യങ്ങളും ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് മാത്രം വിതരണം ചെയ്യുന്നതാണ്.
- ഒരാള്‍ക്ക് ഒന്നിലധികം ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
വിവരങ്ങള്‍ ലഭ്യമാക്കല്‍
- പൗരാവകാശ രേഖയില്‍ പരാമര്‍ശിച്ച സേവനങ്ങള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കിയത് സംബന്ധിച്ച് ഏതെങ്കിലും പ്രമാണത്തില്‍ അടങ്ങിയിരിക്കുന്ന ഏതെങ്കിലും വസ്തുതകളോ വിവരങ്ങളോ അല്ലെങ്കില്‍ മുനിസിപ്പാലിറ്റിയെ സംബന്ധിച്ച ഏതെങ്കിലും പ്രമാണമോ, രേഖയോ ഉത്തമവിശ്വാസത്തോടുകൂടി ആവശ്യപ്പെടുന്ന ഓരോ ആളിനും അപ്രകാരമുള്ള വിവരം നിലവിലുള്ള നടപടി ക്രമത്തിനനുസൃതമായി കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുവാന്‍ അവകാശമുണ്ടായിരിക്കുന്നതാണ്.
- പൗരാവകാശരേഖയില്‍ പരാമര്‍ശിക്കുന്ന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പുരോഗതി കൗണ്‍സില്‍ ഇടക്കിടെ വിലയിരുത്തുന്നതും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അതാത് സമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്ക്ക് നല്കുന്നതുമാണ്.
പൗരന്റെ ചുമതലകളും കടമകളും
- കോര്‍പറേഷനില്‍ അടക്കേണ്ട നികുതികളും നികുതിയേതര ഫീസുകളും യഥാസമയം അടച്ച് രസീതി കൈപ്പറ്റുക.പിഴപ്പലിശ, ജപ്തി, പ്രോസിക്യൂഷന് എന്നീ നടപടികള്‍ ഒഴിവാക്കുക.
- പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും നിലവിലുള്ള കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനും കിണര്‍ കുഴിക്കുന്നതിനും ഭൂവികസനത്തിനും മുന്‍കൂട്ടി അനുമതി വാങ്ങുക.
- പുതിയ കെട്ടിടം നിര്‍മ്മിക്കുകയോ, നിലവിലുള്ള കെട്ടിടം പുതുക്കി പണിയുകയോ ചെയ്താല്‍ പണി പൂര്ത്തിയായഉടനെ വിവരം കോര്‍പറേഷനില്‍ അറിയിച്ച് നികുതി നിര്‍ണ്ണയം പുനര്‍നിര്‍ണയം ചെയ്യിക്കുക.
- വ്യാപാരം തുടങ്ങുന്നതിനു മുമ്പായി കോര്‍പറേഷനില്‍ നിന്നും മുന്‍കൂട്ടി ലൈസന്‍സ് എടുക്കുക.
- റോഡുകള്‍ കീറുന്നതിനു മുമ്പായി നിശ്ചിത ഫീസ് അടവാക്കി അനുവാദം വാങ്ങുക.
- തെരുവുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുകയും നഗരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
- പകര്‍ച്ച വ്യാധികളും അണുബാധയും പിടിപെട്ടാല്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുക.
- കോര്പ്പറേഷന് പരിധിക്കുള്ളില്‍ നടക്കുന്ന ജനനവും മരണവും 21 ദിവസത്തിനകം റിപ്പോര്‍ട്ടു ചെയ്യുക.
- മേയറോ കൗണ്‍സിലര്‍മാരോ വിളിച്ചു കൂട്ടുന്ന വാര്‍ഡു കമ്മറ്റികളില്‍ പങ്കെടുക്കുക.